ആറാം ക്ലാസ് സയൻസിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന ഒന്നാം അധ്യായത്തിൽനിന്നും കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും നമുക്ക് പഠിക്കാം.
1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ ഏതെല്ലാം
i. ശരീരത്തിന് വേണ്ടതും കൂടുതല്‍ അളവില്‍ ആവശ്യമുള്ളതുമായ പോഷകഘടകങ്ങളെ സ്ഥൂല പോഷകങ്ങള്‍ എന്ന് പറയുന്നു.
ii. കുറഞ്ഞ അളവില്‍ നിര്‍ബന്ധമായും ലഭിക്കേണ്ട പോഷക ഘടകങ്ങളെ സൂക്ഷ്മ പോഷകങ്ങള്‍ എന്ന് പറയുന്നു.
എ) i മാത്രം
ബി) ii മാത്രം
സി) i, ii
ഡി) രണ്ടും തെറ്റാണ്
ഉത്തരം സി
- ഭക്ഷണത്തിലെ അടിസ്ഥാന ഘടകം പോഷക വസ്തുക്കളാണ്.
- സ്ഥൂല പോഷകങ്ങള്‍- ശരീരത്തിന് വേണ്ടതും കൂടുതല്‍ അളവില്‍ ആവശ്യമുള്ളതുമായ പോഷകഘടകങ്ങള്‍. ഉദാഹരണം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്.
- സൂക്ഷ്മ പോഷകങ്ങള്‍– കുറഞ്ഞ അളവില്‍ നിര്‍ബന്ധമായും ലഭിക്കേണ്ട പോഷകങ്ങള്‍. ഉദാഹരണം- വിറ്റാമിനുകള്‍, ധാതുക്കള്‍, ലവണങ്ങള്‍.
- ജലം ഒരു പോഷക ഘടകമല്ലെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട ഒരു പദാര്‍ത്ഥമാണ്.
- കാര്‍ബോഹൈഡ്രേറ്റ്- ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രധാനമായും ലഭിക്കുന്നത് കാര്‍ബോ ഹൈഡ്രേറ്റില്നിന്നാണ്.
- അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്, നാരുകള്‍ എന്നീ വിവിധ രൂപങ്ങളില്‍ കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷ്യവസ്തുക്കളില്‍ കാണപ്പെടുന്നു.
- ധാന്യങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് അന്നജമാണ്.
- കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ കൃത്യമായ അനുപാത്തതില്‍ ചേര്‍ന്നതാണ് കര്‍ബോഹൈഡ്രേറ്റ്.
- ഊര്‍ജം പ്രദാനം ചെയ്യുന്നത് കൂടാതെ കൊഴുപ്പിന്റെ ഓക്സീകരണത്തിനും നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡുകളുടെ നിര്‍മ്മാണത്തിനും കാര്‍ബോ ഹൈഡ്രേറ്റ് സഹായിക്കുന്നു.
- സസ്യജന്യ വസ്തുക്കളില്‍നിന്നാണ് പ്രധാനമായും കാര്‍ബോ ഹൈഡ്രേറ്റ് ലഭിക്കുന്നത്.
- കാര്‍ബോ ഹൈഡ്രേറ്റുകളില്‍ സംസ്കൃത കാര്‍ബോഹൈഡ്രേറ്റും അസംസ്കൃത കാര്‍ബോ ഹൈഡ്രേറ്റും ഉണ്ട്.
- സംസ്കരണ പ്രക്രിയയിലൂടെ പല മാറ്റങ്ങളും വരുത്തി നാം ഉപയോഗിക്കുന്നവയാണ് റിഫൈന്‍ഡ് കാര്‍ബോ ഹൈഡ്രേറ്റ്.
- സംസ്കരണത്തിന് വിധേയമാകുമ്പോള്‍ വിറ്റാമിനുകള്‍, നാരുകള്‍ എന്നിവ വലിയ തോതില്‍ നീക്കം ചെയ്യപ്പെടുന്നു. ഉദാഹരണം: മൈദ, പഞ്ചസാര.
- അണ്‍റിഫൈന്‍ഡ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് ഗോതമ്പ്, കുത്തരി, ശര്‍ക്കര മുതലായവ.
- അന്നജത്തിന്റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ് ആണ് അയഡിന്‍ ടെസ്റ്റ്. അന്നജം അയഡിനുമായി ചേരുമ്പോള്‍ ഇരുണ്ട നീലനിറം ഉണ്ടാകുന്നു.
- അന്നജത്തിന്റെ അളവനുസരിച്ച് നീലനിറത്തിന്റെ കാഠിന്യത്തില്‍ വ്യത്യാസം ഉണ്ടാകും.
- പുല്ലുവര്‍ഗത്തില്‍പ്പെട്ട വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്.
- അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതിലുള്ള പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ ഇവയിലുണ്ട്. നാരുകളാല്‍ സമ്പന്നമായ ചെറുധാന്യങ്ങള്‍ ദഹന പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നു. റാഗി, ബജ്റ, തിന, ചോളം, ചാമ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.
2. പ്രോട്ടീനിന്റെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങള്‍ ഏതെല്ലാം
i. ക്വാഷിയോര്‍ക്കര്‍
ii. മെലനോമ
iii. മരാസ്മസ്
iv. നിശാന്ധത
എ) i, iii, iv
ബി) i, ii, iii
സി) i, iii
ഡി) i, iv
ഉത്തരം സി
- ശരീര നിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും ആവശ്യമായ ഒരു പ്രധാന പോഷകഘടകമാണ് പ്രോട്ടീന്‍.
- പേശികള്‍, തലമുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്.
- പ്രോട്ടീന്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു
| ഭക്ഷ്യവസ്തു (100 ഗ്രാം) | പ്രോട്ടീന്‍ (ഗ്രാം) |
| അരി | 6.8 |
| ഗോതമ്പ് | 11.8 |
| കശുവണ്ടി | 21.2 |
| മത്തി | 19.6 |
| താറാവ് | 21.6 |
| താറാവ് മുട്ട | 13.5 |
| കോഴി മുട്ട | 13.3 |
| ആട്ടിറച്ചി | 21.4 |
| പശുവിന്പാല് | 3.2 |
| ചെറുപയര്‍ | 24.0 |
| നിലക്കടല | 17.1 |
പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള പ്രവര്‍ത്തനം
കോഴി മുട്ടയുടെ വെള്ളക്കരു അല്പം വെള്ളം ചേര്‍ത്ത് ഇളക്കുക. അതിലേക്ക് 1 ശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ് ലായനി 8-10 തുള്ളികള്‍ ചേര്‍ക്കുക. ഇളക്കിയശേഷം അതിലേക്ക് 1 ശതമാനം വീര്യമുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനി രണ്ട് തുള്ളി ചേര്‍ക്കുക. വയലറ്റ് നിറം കാണുന്നുണ്ടെങ്കില്‍ അത് പ്രോട്ടീനിന്റെ സാന്നിധ്യം കൊണ്ടാണ്. 1 ഗ്രാം കോപ്പര്‍ സള്‍ഫേറ്റ് എടുത്ത് അതിലേക്ക് 99 ഗ്രാം (100 എംഎല്) ജലം ചേര്‍ത്താല്‍ 1 ശതമാനം വീര്യമുള്ള കോപ്പര്‍ സള്‍ഫേറ്റ് ലായനി തയ്യാറാക്കാം.
3. താഴെ തന്നിരിക്കുന്ന പദാര്‍ഥങ്ങളില്‍ മൃഗക്കൊഴുപ്പുകളില്പ്പെടുന്നവയേതെല്ലാം.
i. വെണ്ണ
ii. മുട്ട
iii. എള്ള്
iv. തേങ്ങ
v. നെയ്യ്
എ) i, iii, v
ബി) i, ii, iii
സി) ii, iv
ഡി) i, ii, v
ഉത്തരം ഡി
- കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ അടങ്ങിയ ഉയര്‍ന്ന അളവില്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് കൊഴുപ്പുകള്‍.
- ഊര്‍ജത്തിനുവേണ്ടി പ്രധാനമായും കൊഴുപ്പിനെ ആശ്രയിക്കുന്നില്ല.
- 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഖരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവ കൊഴുപ്പ് എന്നും ഇതേ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവ എണ്ണ എന്നും അറിയപ്പെടുന്നു.
- മൃഗക്കൊഴുപ്പുകള്‍- നെയ്യ്, വെണ്ണ, പാല്, മാംസം, മുട്ട, പാല്‍ക്കട്ടി.
- സസ്യജന്യ കൊഴുപ്പുകള്‍- ചില സസ്യങ്ങള്‍ അവയുടെ വിത്തില്‍ കൊഴുപ്പ് സംഭരിക്കാറുണ്ട്. ഉദാഹരണം- നിലക്കടല, കടുക്, എള്ള്, തേങ്ങ
- ഒരേ അളവില്‍ കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും എടുത്താല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നത് കൊഴുപ്പില്‍നിന്നാണ്.
| ഭക്ഷ്യവസ്തു (100 ഗ്രാം) | കൊഴുപ്പ് (ഗ്രാം) |
| കടല | 5.3 |
| സോയാബീന്‍ | 19.5 |
| ബദാം | 58.9 |
| കശുവണ്ടി | 46.9 |
| നാളികേരം പച്ച | 41.6 |
| കൊപ്ര | 62.6 |
| നിലക്കടല | 40.1 |
| എള്ള് | 43.3 |
| കടുക് | 39.7 |
| പാല് | 3.6 |
| എരുമപ്പാല് | 8.8 |
- കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോള്‍. രക്തത്തില്‍ കൊളസ്ട്രോള്‍ അധികമായാല്‍ അത് രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ അടിഞ്ഞു കൂടുകയും രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.
- കൊളസ്ട്രോളിന് രക്തത്തിലൂടെ സംവഹനം ചെയ്യപ്പെടുന്നതിന് ലിപ്പോപ്രോട്ടീനുകള്‍ എന്ന വാഹക പ്രോട്ടീനുകളുടെ സഹായം വേണം.
- ഈ പ്രോട്ടീനുകള്‍ രണ്ട് തരമുണ്ട്. എല്‍ഡിഎല്‍, എച്ച്ഡിഎല്‍ എന്നിവ. എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോളെന്നും എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോള്‍ എന്നും അറിയപ്പെടുന്നു.
4. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളാണ്
എ) എ, ഡി, ഇ, കെ
ബി) ബി, സി
സി) എ, ബി, സി
ഡി) എ, ഡി, ബി
ഉത്തരം ബി
- ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ചെറിയ അളവില്‍ അത്യാവശ്യമുള്ള പോഷക ഘടകങ്ങളാണ് വിറ്റാമിനുകള്‍.
| വിറ്റാമിന്‍ | പ്രാധാന്യം | ഭക്ഷ്യവസ്തുക്കള്‍ |
| വിറ്റാമിന്‍ എ | കണ്ണ്, ത്വക്ക്, തലമുടി എന്നിവയുടെ ആരോഗ്യം | മത്സ്യം, കാരറ്റ്, ചീര, ചേമ്പില, പയറില, മുരിങ്ങിയില, കരള്‍, മുട്ട, പാലുല്‍പ്പനങ്ങള്‍ |
| വിറ്റാമിന്‍ ബി | തലച്ചോറ്, നാഡികള്‍, ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യം | മട്ടയരി, ചേമ്പില, മുട്ട, ചീര, പാല്, മത്സ്യം |
| വിറ്റാമിന്‍ സി | പല്ല്, മോണ, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും. | നെല്ലിക്ക, നാരങ്ങ, പഴങ്ങള്‍, പപ്പായ, ചക്ക, മുരിങ്ങയില |
| വിറ്റാമിന്‍ ഡി | എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം, രോഗപ്രതിരോധശേഷി | മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ |
| വിറ്റാമിന്‍ ഇ | നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് | നിലക്കടല, ബദാം, മുട്ട, പാല്, നെയ്യ്, സസ്യ എണ്ണകള്‍ |
| വിറ്റാമിന്‍ കെ | മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിന് | കാബേജ്, കോളിഫ്ളവര്‍, ചീര, പാല്, മുട്ട |
- സൂര്യപ്രകാശത്തില്‍നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ആണ് വിറ്റാമിന്‍ ഡി. ചെറിയ അളവില്‍ ഭക്ഷണത്തില്‍നിന്നും ഇത് ലഭിക്കുന്നുണ്ട്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം കുട്ടികളില്‍ എല്ലുകള്‍ ദുര്‍ബലമായോ മൃദുവായോ മാറുന്ന അവസ്ഥയാണ് കണ (Rickets). വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്.
- എട്ട് തരം വിറ്റാമിനുകളുടെ കൂട്ടമാണ് ബി കോംപ്ലക്സ്. കോശത്തിന്റെ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ വളര്‍ച്ച, കാഴ്ച്ചശക്തി, നാഡീപ്രവര്‍ത്തനം, ഹൃദയസംബന്ധമായ ആരോഗ്യം എന്നിവയ്ക്കെല്ലാം ബി കോംപ്ലക്സ് ആവശ്യമാണ്.
- വിറ്റാമിന്‍ ബി, സി എന്നിവ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളാണ്. എ, ഡി, ഇ, കെ എന്നീ വിറ്റാമിനുകള്‍ കൊഴുപ്പില്‍ മാത്രമേ ലയിക്കുകയുള്ളൂ. കൊഴുപ്പിന്റെ അഭാവത്തില്‍ ഈ വിറ്റാമിനുകള്‍ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുകയില്ല.
- രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് ശരീരകലകളെ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്നതില്‍ വിറ്റാമിനുകള്‍ പ്രധാന പങ്കുവഹിക്കുന്നു.
5. ശരിയായ ജോടി ഏതെല്ലാം
i. ഇരുമ്പ് – രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തില്‍ പ്രധാനപങ്കുവഹിക്കുന്നു
ii. കാത്സ്യം- എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു.
iii. അയഡിന്‍- കരളിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
എ) i, iii
ബി) i, ii
സി) i, ii, iii
ഡി) ii, iii
ഉത്തരം ബി
- ഇരുമ്പ് ഒരു ധാതുവാണ്. ചില ധാതുക്കള്‍ ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
| പ്രധാന ധാതുക്കള്‍ | ആഹാരം | പ്രാധാന്യം |
| ഇരുമ്പ് | ഇലക്കറികള്‍, ശര്‍ക്കര, മത്സ്യം, കരള്‍ | രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. |
| കാത്സ്യം | മുട്ട, പാല്, മത്സ്യം, ഇലക്കറികള്‍ | എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്നു. |
- അയഡിന്‍ കടല്‍ വിഭവങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു
- ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ധാതുക്കളാണ്. സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സള്‍ഫര്‍ തുടങ്ങിയവ.
- സിങ്ക്, ചെമ്പ്, സെലിനിയം, ഫ്ളൂറിന്, കൊബാള്‍ട്ട്, ക്രോമിയം, അയഡിന്‍ തുടങ്ങിയവ ശരീരത്തിന് കുറഞ്ഞ അളവില്‍ ആവശ്യമുള്ള ധാതുക്കളാണ്.
- ഹീമോഗ്ലോബിന്‍- ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന വര്‍ണ വസ്തുവാണ് ഹീമോഗ്ലോബിന്‍. ഇവ രക്തത്തിന് ചുവപ്പ് നിറം നല്കുന്നു. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങളില്‍ എത്തിക്കുന്നതും അവിടെനിന്നും കാര്‍ബണ്‍ഡൈയോക്സൈഡിനെ തിരിച്ചു കൊണ്ടുപോകുന്നതും ഹീമോഗ്ലോബിനാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയാണ് അനീമിയ.
6. ചേരുംപടി ചേര്‍ക്കുക
| വിറ്റാമിന്‍ | അപര്യാപ്തത രോഗങ്ങള്‍ |
| i. വിറ്റാമിന്‍ എ | a) കണ |
| ii വിറ്റാമിന്‍ ബി | b) സ്കര്‍വി |
| iii. വിറ്റാമിന്‍ സി | c) നിശാന്ധത |
| iv. വിറ്റാമിന്‍ ഡി | d) ഗ്ലോസിനിസ് |
എ) i-a, ii-b, iii-c, iv-d
ബി) i-b, ii-c, iii-d, iv-a
സി) i-c, ii-b, iii-a, iv-d
ഡി) i-c, ii-d, iii-b, iv-a
ഉത്തരം ഡി
- നിശാന്ധത- ഇരുട്ടിലും മങ്ങിയ വെളിച്ചത്തിലും അനുഭവപ്പെടുന്ന കാഴ്ച്ചക്കുറവാണ് നിശാന്ധത. നിശാന്ധതയുള്ള വ്യക്തികള്‍ക്ക് പകലും രാത്രിയില്‍ നല്ല വെളിച്ചത്തിലും കാഴ്ച്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കില്ല.
| ധാതുക്കള്‍ | അപര്യാപ്തത രോഗങ്ങള്‍ |
| ഇരുമ്പ് | അനീമിയ (വിളര്‍ച്ച) |
| അയഡിന്‍ | ഗോയിറ്റര്‍ |
| കാത്സ്യം | ഓസ്റ്റിയോപോറോസിസ് |
- ഓസ്റ്റിയോപോറോസിസ്- അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്നതുമൂലം എല്ലുകളുടെ കട്ടി കുറഞ്ഞ് ദുര്‍ബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ് അല്ലെങ്കില്‍ അസ്ഥിക്ഷയം. എല്ലുകളുടെ ബലക്ഷയം, പൊട്ടല്‍ എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
- ഗോയിറ്റര്‍- അയഡിന്റെ അഭാവം മൂലം തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിള്‍ ഗോയിറ്റര്‍ (തൊണ്ടമുഴ). തൈറോയിഡ് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിന് അയഡിന്‍ ആവശ്യമാണ്.
7. ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i. നാരുകള്‍ പോഷകഘടകമാണ്
ii. ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്ത സെല്ലുലോസ് ആണ് നാരുകള്‍
iii. മാംസാഹാരത്തിലൂടെയാണ് നാരുകള്‍ ശരീരത്തിന് ലഭിക്കുന്നത്
എ) i, ii
ബി) ii, iii
സി) ii മാത്രം
ഡി) iii മാത്രം
ഉത്തരം സി
- സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്തതുമായ സെല്ലുലോസ് ആണ് നാരുകള്‍.
- നാരുകള്‍ പോഷകഘടകമല്ല. എങ്കിലും ദഹനം, വന്‍കുടലിലൂടെ വിസര്‍ജ്യവസ്തുക്കളുടെ പുറംതള്ളല്‍ എന്നിവ സുഗമമാക്കുന്നത് നാരുകളാണ്.
- തവിട് അടങ്ങിയ ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, വാഴപ്പിണ്ടി, വാഴക്കൂമ്പ് തുടങ്ങിയവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു.
- രണ്ട തരം നാരുകള്‍- വെള്ളത്തില്‍ ലയിക്കുന്നതും ലയിക്കാത്തതും.
- കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ഓട്സ്, പരിപ്പ് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നത് ജലത്തില്‍ ലയിക്കുന്ന നാരുകളാണ്.
- വന്‍കുടലിലെ ബാക്ടീരിയകളുടെ സഹായത്തോടെ മാത്രമേ ഇവ വിഘടിക്കൂ.
- കൊഴുപ്പിന്റെ ആഗിരണം തടസ്സപ്പെടുത്തി രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
- ജലത്തില്‍ ലയിക്കാത്ത നാരുകള്‍ക്ക് പ്രത്യേകിച്ച് പോഷകമൂല്യമില്ലെങ്കിലും ആരോഗ്യപരിപാലനത്തിനും ജീവിതശൈലി രോഗ നിയന്ത്രണത്തിനും പ്രധാനപങ്കാണുള്ളത്.
- നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 70%വും ജലമാണ്. ഒരു ദിവസം ഒരാള്‍ക്ക് കുടിക്കാന്‍ ആവശ്യമായ ജലത്തിന്റെ അളവ് അയാളുടെ പ്രായം, ഭാരം, പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.
- കുട്ടികള്‍ 8-12 ഗ്ലാസ് വരെ (2-3 ലിറ്റര്‍) വെള്ളം കുടിക്കണം.
- നിശ്ചിത അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഭക്ഷണക്രമമാണ് സമീകൃതാഹാരം.
ഒരു ദിവസം കഴിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ അളവുകള്‍
| പഴങ്ങള്‍ | 100 ഗ്രാം |
| പയറുവര്‍ഗങ്ങള്‍, മുട്ട, മത്സ്യം, മാംസം | 85 ഗ്രാം |
| പാല്/ തൈര് | 300 എംഎല് |
| അണ്ടിപ്പരിപ്പുകള്‍, വിത്തുകള്‍ | 30 ഗ്രാം |
| കൊഴുപ്പുകള്‍ | 27 ഗ്രാം |
| ധാന്യങ്ങള്‍ | 260 ഗ്രാം |
| പച്ചക്കറികള്‍ | 400 ഗ്രാം |
ഉച്ചഭക്ഷണം പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് പ്രതിദിനം ലഭിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം, പ്രോട്ടീന്‍ (2013-ലെ ഭക്ഷ്യ ഭദ്രത നിയമത്തിലെ ഷെഡ്യൂള്‍ 2) എന്നിവ സംബന്ധിച്ച ഭക്ഷ്യ, പോഷക നിബന്ധനകള്‍ ചുവടെ ചേര്‍ക്കുന്നു.
| ആഹാരം | പ്രൈമറി | ||
| അളവ് | കലോറി | പ്രോട്ടീന്‍ (ഗ്രാം) | |
| അരി | 100 | 340 | 8 |
| പയറുവർഗങ്ങൾ | 30 | 105 | 6 |
| പച്ചക്കറി (ഇലവർഗം ഉൾപ്പെടെ) | 50 | 25 | – |
| എണ്ണയും കൊഴുപ്പും | 5 | 45 | – |
| തേങ്ങ | 5 | 17.7 | – |
| ആഹാരം | അപ്പർ പ്രൈമറി | ||
| അളവ് | കലോറി | പ്രോട്ടീന്‍ (ഗ്രാം) | |
| അരി | 150 | 510 | 14 |
| പയറുവർഗങ്ങൾ | 30 (6,7), 50 (8) | 105/ 175 | 6/10 |
| പച്ചക്കറി (ഇലവർഗം ഉൾപ്പെടെ) | 75 | 37 | – |
| എണ്ണയും കൊഴുപ്പും | 7.5 | 68 | – |
| തേങ്ങ | 5 | 17.7 | – |
- പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോള്‍ അവയിലെ വിറ്റാമിന്‍ സി നീരാവിയില്‍ ലയിക്കുന്നു. ഇത് നീരാവിയോടൊപ്പം എളുപ്പം പുറത്തുപോകുന്നു. അതിനാല്‍ അടച്ചു വേവിക്കുന്നതാണ് നല്ലത്.
- കലോറി- ഭക്ഷണത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് കണക്കാക്കുന്ന യൂണിറ്റാണ് കലോറി.
- ശ്വസനം, രക്തചംക്രമണം തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ഊര്‍ജം ആവശ്യമാണ്.
- ശാരീരിക അധ്വാനമുളള ഒരു പുരുഷന് പ്രതിദിനം ശരാശരി 1900 മുതല്‍ 2400 കലോറി വരെ ഊര്‍ജം ആവശ്യമാണ്.
- ശാരീരിക അധ്വാനമുള്ള ഒരു സ്ത്രീയ്ക്ക് പ്രതിദിനം ശരാശരി 1600 മുതല്‍ 2400 കലോറി വരെ ഊര്‍ജം വേണം.
- ഒരു മുതിര്‍ന്ന കുട്ടിയ്ക്ക് പ്രതിദിനം ശരാശരി 1200 മുതല്‍ 1400 കലോറി വരെ ഊര്‍ജം ആവശ്യമാണ്.
- സ്കൂള്‍ ഉച്ചഭക്ഷണത്തിലൂടെ ഏകദേശം 750 കലോറി ഊര്‍ജ്ജം ലഭിക്കുന്നു.